തിരുവനന്തപുരം: കോട്ടയം ഏറ്റുമാനൂരിൽ കേരള നെല്ല് സംഭരണ സംസ്കരണ വിപണന സഹകരണ സംഘത്തിന് (കാപ്കോസ്) കീഴിൽ റൈസ് മിൽ പദ്ധതിയുടെ നിർമാണത്തിനായി 10 കോടി ബജറ്റിൽ വകയിരുത്തി.
ഒറ്റയ്ക്ക് കഴിയുന്ന മാതാപിതാക്കൾക്ക് സമഗ്ര പരിചരണം ലഭ്യമാക്കാനായി നടപ്പാക്കുന്ന "കോ-ഓപ്പ് കെയർ ജെറിയാട്രിക് ആൻഡ് പാലിയേറ്റീവ് സെന്ററുകൾ' പദ്ധതിക്ക് 21.40 കോടി രൂപ ബജറ്റിൽ വകയിരുത്തി. സഹകരണ സംരംഭത്തിന് (സിഐടിഎ) പദ്ധതിക്ക് 35 കോടി രൂപഅനുവദിച്ചു.
നാളികേര വ്യവസായത്തെ പുനരുജീവിപ്പിക്കുന്നതിനായും ഉത്പാദനം വർധിപ്പിക്കുന്നതിനുമായി "പ്ലസ് വണ്‍’ പദ്ധതി ഈ വർഷം നടപ്പിലാക്കുന്നതാണെന്നു ബജറ്റ് പ്രസംഗത്തിൽ മന്ത്രി കെ.എൻ ബാലഗോപാൽ വ്യക്തമാക്കി.
പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളുടെ പദ്ധതികൾക്കായി 15.95 കോടി വകയിരുത്തി.
കേപ്പിനു കീഴിലുള്ള സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിനും, നൈപുണ്യ വിജ്ഞാന വികസന കേന്ദ്രത്തിനും, സാഗര ആശുപത്രിയുടെ നവീകരണത്തിനും, ഇൻകുബേഷൻ സെന്ററിന്റെ പ്രവർത്തനങ്ങൾക്കുമായി ആറു കോടിയും എസ്സി, എസ്ടി ഫെഡറേഷന്റെ പുനരുധാരണം, സഹകരണ സംഘങ്ങൾക്കുള്ള ഓഹരി മൂലധനസഹായം തുടങ്ങിയ വിവിധ വികസന പദ്ധതികൾക്കായി ആറു കോടിയും വനിതാ സഹകരണ സംഘങ്ങൾക്കും വനിതാ ഫെഡിനുമുള്ള സഹായമായി 3.54 കോടിയും ധനമന്ത്രി പ്രഖ്യാപിച്ചു.